മലയാള സിനിമാ ചരിത്രത്തിലെ അടയാളപ്പെടുത്തലാണ് കാതല്‍. ദാമ്പത്യമെന്നാല്‍ സ്ത്രീ-പുരുഷ ബന്ധം മാത്രമാണെന്ന പരമ്പരാഗത യാഥാസ്ഥിതിക ചിന്തകളെ പൊളിച്ചെഴുതിയ സിനിമയാണ് കാതല്‍ .ജിയോ ബേബിയെന്ന സംവിധായകന്‍ ക്യൂര്‍ സമൂഹം കുടുംബത്തിലും സമൂഹത്തിലും നേരിടുന്ന പ്രതിസന്ധികളെ സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിലാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രത്തെ മമ്മൂട്ടി അതിഗംഭീരമായി യഥാര്‍ത്ഥ്യമാക്കിയിട്ടുണ്ട്. നായികയായ ഓമനയെ വിവാഹം കഴിക്കുകയെന്നത് മാത്യുവിന്‍റെ ആഗ്രഹമായിരുന്നില്ല. മറിച്ച്, മകന്‍ ഗേ ആണെന്ന് തിരിച്ചറിഞ്ഞ മാത്യു ദേവസിയുടെ പിതാവ്, അതില്‍ നിന്നും അവനെ പിന്തിരിപ്പിച്ച് നടത്താന്‍ കണ്ടത് ഒരു പെണ്‍കുട്ടിയുമായുള്ള അവന്റെ വിവാഹമായിരുന്നു. എന്നിട്ട് എന്ത് സംഭവിച്ചുവെന്നാണ് ചിത്രം പറയുന്ന രാഷ്ട്രീയം. താന്‍ ഇല്ലാതാക്കിയത് രണ്ടു വ്യക്തികളുടെ ജീവിതമാണെന്ന ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ചാച്ചന്റെ തുറന്നുപറച്ചില്‍ സിനിമയെ അതുല്യമാകുന്നുണ്ട്.ഗേയും ലെസ്ബിയനുമായ മനുഷ്യരെ ഹെട്രോ സെക്ഷ്വല്‍ വിവാഹത്തിന് നിര്‍ബന്ധിതരാക്കിയാല്‍ അവരെ ‘ശരിയാക്കാമെന്ന’ ധാരണയെ ചിത്രം അതിശക്തമായി പൊളിക്കുന്നുണ്ട്.സ്വന്തം വ്യക്തിത്വം മറച്ചുപിടിച്ചു ജീവിക്കേണ്ട അവസ്ഥ പരിതാപകരമാണ്. ഈ അവസ്ഥയിലൂടെയാണ് മാത്യു ദേവസ്സി കടന്നുപോകുന്നത്.
മാത്യു ദേവസ്സി ഒരു ഗേ ആണെന്നും അതൊരു തെറ്റല്ലെന്നും അഡ്വ. അമീര (മുത്തുമണി) കോടതിയില്‍ വാദിക്കുന്നുണ്ട്. ഇരുപത് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ നാലു തവണ മാത്രമാണ് ഓമനയുമായി മാത്യു ദേവസി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അത് തന്റെ നിര്‍ബന്ധത്തിലാണെന്നുമുള്ള ഓമനയുടെ തുറന്നു പറച്ചില്‍, സിനിമയെ വേറിട്ടതലത്തിലെത്തിക്കുന്നു. തര്‍ക്കങ്ങളും പിടിവാശിയുമില്ലാതെയാണ് സംവിധായകന്‍ കാതലിന്‍റെ കഥയെ കൊണ്ടത്തിക്കുന്നത്. ലൈംഗികത മനുഷ്യരുടെ അടിസ്ഥാന ആവശ്യമാണെന്നിരിക്കെ അതിന്മേലുളള നിഷേധത്തിന്‍റെ തീപ്പൊരിയാണ് കാതലിലൂടെ സംവദിക്കുന്നത്.
മാത്യുവിന്‍റേത് ഗേ ഐഡന്‍ഡിറ്റിയാണെന്ന് കോടതിയില്‍ സ്ഥാപിക്കുന്നത് വിവാഹമോചനം നേടാന്‍ വേണ്ടി മാത്രമല്ലായെന്ന് നായിക പറയുന്ന വാചകമുണ്ട്. എനിക്ക് മാത്രം മതിയോ രക്ഷപെടല്‍ മാത്യുവിനും രക്ഷപ്പെടണ്ടേ എന്ന ചോദ്യം ഉളളില്‍ തറച്ചാണ് ഓരോ പ്രേക്ഷകനും തീയേറ്റര്‍ വിട്ട് പുറത്തിറങ്ങുന്നത്. അതില്‍ ഇതേഅവസ്ഥയില്‍ ജീവിക്കുന്ന വ്യക്തികള്‍ക്ക് നേരെയുളള ചോദ്യചിഹ്നവുമാണ്