പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ പി വി ഗംഗാധരൻ (80) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. പേസ് മേക്കർ ഘടിപ്പിച്ചുവെങ്കിലും നില മെച്ചപ്പെട്ടിരുന്നില്ല. മാതൃഭൂമിയുടെയും കെടിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെയും ഡയറക്ടര്‍ ആയിരുന്നു.
1977-ൽ സുജാത എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് പിവി ഗംഗാധരന് ചലച്ചിത്രനിർമാണരംഗത്ത് ചുവട് വെച്ചത്. തുടർന്ന് മനസാ വാചാ കർമണാ, അങ്ങാടി, അഹിംസ, ചിരിയോ ചിരി, കാറ്റത്തെ കിളിക്കൂട്, വാർത്ത, ഒരു വടക്കൻ വീരഗാഥ, അദ്വൈതം, ഏകലവ്യൻ തുടങ്ങി ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ ക്ലാസിക് സിനിമകളാണ് നിര്‍മ്മിച്ചത്,ജയൻ നായകനായ ഐ.വി.ശശി ചിത്രം അങ്ങാടി ഇന്നും മലയാളികള്‍ രോമാഞ്ചമാണ്. മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ മുന്നിൽത്തന്നെയുണ്ട് വടക്കൻ വീരഗാഥയുടെ സ്ഥാനം.എസ് ക്യൂബുമായി ചേർന്ന് നിർമിച്ച ജാനകി ജാനേയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിന്റെ ബാനറിൽ അദ്ദേഹം നിർമിച്ച കാണാക്കിനാവ് എന്ന ചിത്രത്തിന് 1997-ൽ മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്കാരവും 2000-ൽ ശാന്തം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു. ഒരു വടക്കൻ വീരഗാഥ , കാണാക്കിനാവ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് എന്നീ ചിത്രങ്ങൾ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും സ്വന്തമാക്കി.