കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന പഴവര്‍ഗ്ഗമാണ് വാഴ. വാഴയുടെ എല്ലാഭാഗങ്ങളും നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. വാഴയില, സദ്യ വട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നു. വാഴ കുല, വാഴ ചുണ്ട്, വാഴപ്പിണ്ടി, വാഴയുടെ നാര്, വാഴ തണ്ട് ( അയ്യപ്പന്‍ വിളക്ക് പോലുളള ആഘോഷങ്ങളില്‍ ഒഴിച്ച് കൂട്ടാനാകാത്തതാണ്), വാഴയുടെ കട ഭാഗം എല്ലാം മലയാളികളുടെ ജീവിതരീതിയോട് ചേര്‍ന്ന് കിടക്കുന്നതാണ്.വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്പുഷ്ടവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്. വാഴപ്പിണ്ടിയും കഴിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകുന്നു.
വാഴപ്പിണ്ടി നിത്യേന കഴിച്ചാല്‍ മലബന്ധം സുഗമമാക്കാനും അതുപോലെ അതില്‍ അടങ്ങിരിക്കുന്ന നാരുകള്‍ ശരീരത്തിലെ കൊഴുപ്പുകളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയുന്നു.ഇതിനാല്‍ വാഴപ്പിണ്ടി ഡയറ്റിംഗ് മെനുവില്‍ ഉള്‍പ്പെടുത്തിയാല്‍ ശരീരഭാരം കുറയും.
വാഴപ്പിണ്ടി ജ്യൂസാക്കി കുടിക്കുന്നത് വൃക്കയിൽ കല്ല് ഉണ്ടാകുന്നതിനെ തടയുന്നു. മൂത്രനാളിയിലെ അണുബാധ മൂലമുള്ള വേദനയും അസ്വസ്ഥതയും അകറ്റാനും വാഴപ്പിണ്ടി ജ്യൂസ് സഹായിക്കും.
ജീവകം ബി 6 ധാരാളം അടങ്ങിയ വാഴപ്പിണ്ടി ഇരുമ്പിന്റെയും കലവറ ആണ്. ഹീമോഗ്ലോബിന്റെ കൗണ്ട് കൂട്ടുന്നു. പൊട്ടാസ്യവും ധാരാളം അടങ്ങിയതിനാൽ കൊളസ്ട്രോളും ഉയർന്ന രക്തസമ്മർദവും നിയന്ത്രിക്കുന്നു.