ദിനംപ്രതി മനുഷ്യരെ അസുഖം ബാധിക്കുന്നത് പോലെ കൂടുന്ന ശാരീരിക പ്രതിസന്ധിയാണ് കുടവയറും ദുര്‍മേദസും. താളംതെറ്റിയ ഭക്ഷണരീതിയാണ് കുടവയറിന് കാരണമാകുന്നത്. എത്ര നിയന്ത്രിച്ചാലും ഭക്ഷണരീതി മാറ്റാന്‍ കഴിയാത്തവിധം സമൂഹം മാറികഴിഞ്ഞു.ഇതുമൂലം പല അസുഖങ്ങളും പരിഷ്കൃതസമൂഹത്തെ ബാധിച്ചുകഴിഞ്ഞു.
കുടവയറും ദുര്‍മേദസും കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഗാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയയാണ്. നമ്മുടെ ഭക്ഷണം ചെന്നു വീഴുന്ന ആമാശയത്തിന്റെ മുകള്‍ ഭാഗത്ത് പ്രത്യേകതരം കെട്ടിട്ട് ആമാശയത്തിന്റ വലിപ്പം കുറച്ച് കൂടുതല്‍ ഭക്ഷണം ഉള്‍ക്കൊള്ളാനാവാത്ത സാഹചര്യമുണ്ടാക്കുന്നതാണ് ഗാസ്ട്രിക് ബാന്‍ഡ് ശസ്ത്രക്രിയ. ഇതുമൂലം ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും ദുര്‍മേദസ് കുറയുകയും ചെയ്യും. ഇപ്പോള്‍ ദുര്‍മേദസ് കുറയ്ക്കാന്‍ പുതിയൊരു മാര്‍ഗം പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് ബ്രിട്ടണില്‍. പ്രത്യേകതരം ബലൂണ്‍ വിഴുങ്ങുന്നതാണ് പുതിയ രീതി. ഈ രീതി പരീക്ഷിച്ചാല്‍ ശസ്ത്രക്രിയയുടെ ആവശ്യമില്ലെന്നതാണ് പ്രത്യേകത. ഒരു ഹൈടെക് ബലൂണ്‍ നാം വിഴുങ്ങുന്നു. അത് ആമാശയത്തിലേക്കു നിക്ഷേപിക്കപ്പെടുമല്ലോ. അവ വീര്‍പ്പിക്കുന്നതോടെ ആമാശയത്തിലതു നിറയുകയും അതിനെത്തുടര്‍ന്ന് ഭക്ഷണത്തിന്റെ അളവ് കുറയുകയും ചെയ്യുന്നതാണു രീതി. ഗാസ്ട്രിക് ബലൂണിന് അടുത്തിടെയാണ് ബ്രിട്ടണില്‍ അംഗീകാരം കിട്ടിയത്. സാധാരണ ആഹാരനിയന്ത്രണം സാധിക്കാത്തവരിലാണ് ഗാസ്ട്രിക് ബലൂണ്‍ വിദ്യ പ്രയോഗിക്കുന്നത്. നാലു മാസത്തിനുള്ളില്‍ നന്നായി ഫലം കാണുന്നതാണ് ഈ ചികിത്സാരീതി. വളരെ നേര്‍ത്ത പോളിമര്‍ ഫിലിം കൊണ്ടു നിര്‍മിതമാണ് ഗാസ്ട്രിക് ബലൂണ്‍. കാപ്‌സ്യൂള്‍ പരുവത്തിലുള്ള ഇത് രോഗി വിഴുങ്ങുന്നു. അതിനെ ഒരു കത്തീറ്ററുമായി (വളരെ ചെറിയ ട്യൂബ്) ബന്ധിപ്പിച്ചിട്ടുണ്ടാവും. കാപ്‌സ്യൂള്‍ വയറ്റിലെത്തിയാല്‍ കത്തീറ്ററിലൂടെ ഡോക്ടര്‍ വെള്ളം കയറ്റിവിടുന്നു. അതോടെ വയറ്റിനുള്ളിലുള്ള ബലൂണ്‍ വീര്‍ക്കുന്നു. തുടര്‍ന്ന് കത്തീറ്റര്‍ ബന്ധം വിച്ഛേദിക്കുന്നു. വീര്‍ത്ത ബലൂണ്‍ ആമാശയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതോടെ കൂടുതല്‍ ആഹാരം കഴിക്കാന്‍ സ്ഥലമില്ലാതെ വരികയും രോഗിയുടെ വിശപ്പു കുറയുകയും ചെയ്യും. ഭക്ഷണത്തിന്റെ അളവു കുറയുന്നതോടെ തടിയും ദുര്‍മേദസും കുറയും. ഏതാണ്ടു നാലുമാസമാകുന്നതോടെ ബലൂണിലെ വാല്‍വ് തുറക്കപ്പെടും. അതോടെ അതു ചുരുങ്ങിപ്പോവുന്നു,ഇതോടെ സാധാരണ ദഹനപ്രക്രിയതുടരുകയും ചെയ്യും. അതോടെ സാധാരണപോലെയുള്ള ഭക്ഷണം നാം അകത്താക്കാന്‍ തുടങ്ങും. ശസ്ത്രക്രിയ ഫലപ്രദമാണെങ്കിലും അമിത ഭാരമുളളവരില്‍ അതു കൂടുതല്‍ റിസ്‌കാണുണ്ടാക്കുന്നത്. ഗാസ്ട്രിക് ബലൂണ്‍ യുഎസ് കമ്പനിയായ അലൂറിന്‍ ടെക്‌നോളജീസ് ആണു നിര്‍മിക്കുന്നത്. ബ്രിട്ടണിലും യൂറോപ്പിലും വിപണനം നടത്താന്‍ അംഗീകാരം കിട്ടിക്കഴിഞ്ഞു. ഇതിന്റെ ഉപയോഗത്തിലൂടെ നാലുമാസത്തിനിടയില്‍ 10 കിലോഗ്രാം വരെ ഭാരം കുറയ്ക്കാനാവുമെന്നു പഠനം കണ്ടെത്തിയിട്ടുണ്ട്.