നടൻ ആർ മാധവനെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചു. ഗവേണിംഗ് കൗൺസിൽ ചെയർമാനും മാധവനാണ്. സ്ഥാനലബ്ധിയില്‍ മാധവനെ അഭിനന്ദിച്ചുകൊണ്ട് എക്സില്‍ പോസ്റ്റ് ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അദ്ദേഹത്തിന്‍റെ അനുഭവ പരിചയം സ്ഥാപനത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുമെന്ന് മാധവന്‍ ഇതിന് പ്രതികരിച്ചിട്ടുമുണ്ട്.മാധവൻ സംവിധാനം ചെയ്ത്, നായകനായി അഭിനയിച്ച റോക്കട്രി: ദി നമ്പി എഫക്റ്റ് എന്ന സിനിമയ്ക്ക് നേരത്തെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. മികച്ച ചിത്രത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ഐ.എസ്.ആര്‍.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്‍റെ രചനയും മാധവന്‍ ആയിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ 27 വയസ്സു മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് ഈ സിനിമയുടെ പ്രമേയം. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും വൈറലായിരുന്നു.
1996 ല്‍ പുറത്തെത്തിയ ഇസ് രാത് കി സുബാ നഹീ എന്ന ഹിന്ദി ചിത്രത്തിലെ ഒരു ഗാന രംഗത്തിലൂടെയാണ് മാധവന്‍റെ സിനിമാ പ്രവേശം. 2000 ല്‍ പുറത്തെത്തിയ മണി രത്നം ചിത്രം അലൈപായുതേ ആണ് മാധവന്‍റെ കരിയര്‍ ബ്രേക്ക്. മൂന്ന് പതിറ്റാണ്ടോളം നീളുന്ന കരിയറില്‍ ഹിന്ദിയും തമിഴും കൂടാതെ ഇംഗ്ലീഷ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു.