മലയാളസിനിമ രംഗത്തെ റെക്കോര്‍ഡ് കളക്ഷനുകളുടെ കാലമാണ്. മുടക്കുമുതല്‍ തിരികെ പിടിക്കാന്‍ നിര്‍മ്മാതാക്കള്‍ പാടുപെടുന്നതിനിടെ റെക്കോര്‍ഡ് കളക്ഷനുമായി കാതല്‍ കുതിക്കുകയാണ്.കണ്ണൂര്‍ സ്ക്വാഡിനും ഗരുഡനും ഫാലിമിക്കും ശേഷം ഇപ്പോഴിതാ മറ്റൊരു ശ്രദ്ധേയ ചിത്രം കൂടി തിയറ്ററുകളില്‍ സാമ്പത്തികവിജയം നേടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന ചിത്രമാണ് 18 ദിവസം കൊണ്ട് 10 കോടി നേടിയിരിക്കുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രം നവംബര്‍ 23 നാണ് തിയറ്ററുകളില്‍ എത്തിയത്. സ്വവര്‍ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രമാണ് ഇതെന്ന് റിലീസിന് മുന്‍പുതന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നു. ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് അണിയറക്കാര്‍ക്ക് ആശങ്കയുമുണ്ടായിരുന്നു. എന്നാല്‍ ആദ്യദിന തിയറ്റര്‍ പ്രതികരണങ്ങളില്‍ നിന്നുതന്നെ ആശങ്ക ആഹ്ലാദത്തിന് വഴിമാറി.
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജിയോ ബേബി മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപനസമയത്തേ പ്രേക്ഷകശ്രദ്ധ നേടിയ പ്രോജക്റ്റ് ആണിത്. മമ്മൂട്ടിയുടെ നായികയായി ജ്യോതിക എത്തുന്നതിന്‍റെ പേരിലും ചിത്രം പ്രീ റിലീസ് ശ്രദ്ധ നേടിയിരുന്നു.