ബിഗ് ബജറ്റ് സിനിമയായ ദുല്‍ഖര്‍ സല്‍മാന്‍റെ കിംഗ് ഓഫ് കൊത്ത ഓഗസ്റ്റ് 24 വ്യാഴാഴ്ച തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് അവസാനഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ കേന്ദ്രങ്ങളില്‍ രാവിലെ 7 മണിക്കാണ് ആദ്യ ഷോകള്‍ ആരംഭിക്കുന്നത്. ആദ്യദിനത്തിലെ മിക്ക ഷോകളും ഫുള്‍ ആയിക്കഴിഞ്ഞു. റിലീസിന് ഇനിയും നാല് ദിവസങ്ങള്‍ ശേഷിക്കെ ഇതിനകം വിറ്റുപോയിരിക്കുന്നത് 20 ലക്ഷം ടിക്കറ്റുകളാണ്. പ്രമുഖ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോം ആയ ബുക്ക് മൈ ഷോയിൽ ട്രെൻഡിംഗ് ആണ് കിംഗ് ഓഫ് കൊത്ത.പ്രശസ്ത സംവിധായകന്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റ ചിത്രമാണ് കിംഗ് ഓഫ് കൊത്ത . ദുല്‍ഖറിന്‍റെ ഒരു മാസ് എന്റർടെയ്‍നര്‍ ആയിരിക്കും ചിത്രമെന്നാണ് പ്രതീക്ഷ. ദുൽഖറിന്റെ എക്കാലത്തെയും ഉയര്‍ന്ന ബജറ്റില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം വെഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്.
സർപ്പട്ട പരമ്പരൈ ഫെയിം ഷബീർ കല്ലറയ്ക്കല്‍, പ്രസന്ന, ചെമ്പൻ വിനോദ്, ഗോകുൽ സുരേഷ്, ഷമ്മി തിലകൻ, വട ചെന്നൈ ശരൺ, ഐശ്വര്യ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖ സുരേന്ദ്രൻ എന്നിങ്ങനെ ഒരു വൻ താരനിരയാണ് ചിത്രത്തിൽ ദുൽഖറിനൊപ്പം അണിനിരക്കുന്നത്. സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിർമ്മാണ സംരംഭമാണ് കിംഗ് ഓഫ് കൊത്ത. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ഛായാഗ്രഹണം നിമിഷ് രവി, സ്ക്രിപ്റ്റ് അഭിലാഷ് എൻ ചന്ദ്രൻ, എഡിറ്റർ ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. ആക്ഷൻ കൊറിയോഗ്രാഫി രാജശേഖര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് അനൂപ് സുന്ദരൻ, വിഷ്ണു സുഗതൻ, പിആർഒ പ്രതീഷ് ശേഖർ.